Saturday, October 9, 2010
Thiruda Thiruda - Rasathi Song
രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല
പൂചൂടി ദുഃഖിച്ചു പോകുന്നവളെ
നീ പോയാല്‍ എന്നുയിര്‍ മണ്ണിലലിയും
രാവോടെ ആ വാര്‍ത്ത നിന്നില്‍ വന്നു ചേരും
രാജകുമാരി
ഈ ജീവന്‍ ഇനി എന്‍റേതല്ല
മാടിവീട്ടിന്‍ തിണ്ണയില്‍ കസ്തൂരി മഞ്ഞള്‍ അരച്ചവേളയില്‍
( മഞ്ഞളരയ്ക്കും മുന്‍പെ മനസ്സിനെ അരച്ചവളേ )
മുളംകാട്ടിലെയരുവിയില്‍ തുണികഴുകുന്ന വേളയില്‍
തുണിയെ അരുവിയില്‍ വിട്ട് എന്‍റെ മനസ്സിനെ പിടിച്ചെടുത്തവളെ
നിന്നിലേയെക്കെന്നെ വലിച്ചലിയിച്ചിട്ടു പോകുന്നവളെ
പോകുകയാണവള്‍. എല്ലാ മറന്ന്
കല്യാണക്കോടിയില്‍ കണ്ണും തുടച്ച്
പോകുകയാണവള്‍, മറ്റൊരുവന്‍റെ ഭാര്യയായി
ഞാന്‍ നല്‍കിയ മുല്ലപ്പൂവും നടുവാറ്റില്‍ വലിച്ചെറിഞ്ഞ്
അരളിപ്പൂവും ചൂടി കരഞ്ഞുകൊണ്ട്
പോകുകയാണവള്‍
കടലിലും കാറ്റിലും കയ്യടിച്ചു സത്യം ചെയ്തവളെ
പെണ്ണിന്‍റെ വാക്ക് കാറ്റില്‍ എഴുതണം, എന്നും.
തൊട്ട് തൊട്ട് പൊട്ടു വെച്ച ചൂണ്ട് വിരലിനിയും ഉണങ്ങിയില്ല
മരിക്കൊഴുന്ത് വെച്ചു തന്ന കയ്യിലെ വാസനയിനിയും പോയില്ല
മധുരയില്‍നിന്നും വാങ്ങിവന്ന വളകളൊന്നും ഉടഞ്ഞില്ല
വാങ്ങിവന്ന കോടിമുണ്ടിലെ മഞ്ഞക്കരയിതുവരെ മങ്ങിയില്ല
നിന്‍റെ കഴുത്തിലെ കാതൊട് ചേര്‍ന്ന മറുകിനിയെന്നു കാണും ഞാന്‍
എന്നുകാണും, എന്നിനി കാണും, പൌര്‍ണ്ണമിയെന്നും മടങ്ങിവരും
നിന്‍റെ കൊലിസ്സിന്‍ ചിരിയും, കുമാരി, നിന്‍ ഇളം ചിരിയും
എന്നു കേള്‍ക്കും, എന്നിനി കേള്‍ക്കും, എന്നീ പൂവ് വീണ്ടും വിരിയും
കരിങ്കാട്ടില്‍ ഒരു ചിട്ടുകുരുവി ശ്രുതി മാറി പാടുന്നെന്‍റെ പൊന്നേ
ഇണയെ കാണാതെയത് തേങ്ങുന്നു.
പള്ളിയില്‍ നിന്ന് എന്നര്‍ത്ഥമുള്ള ഒരു വാക്കാണ് ആക്കെപെല്ലെ എന്ന വാക്ക്.
ജ്യൂത സമുദായത്തില്‍ പെട്ടവര്‍ സാബാത്ത് ദിവസം പ്രാര്‍ത്ഥനകളില്‍ സംഗീതം ഉപയോഗിക്കുമ്പോള്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും നിരോധിക്കപ്പെട്ടിരുന്നു. ഇതിനാല്‍ ഈ ദിവസങ്ങളിലും ഉപകരണങ്ങള്‍ സംഗീതത്തില്‍ നിരോധിക്കപ്പെട്ട ദിവസങ്ങളിലും അവയില്ലാതെ സംഗീതം ഉപയോഗിക്കുന്ന രീതിയില്‍ നിന്നും സെഫിറാഹ് സംഗീത രീതിയുണ്ടായി. ഇത് പിന്നീട് ക്രിസ്തുമതവും അത് കഴിഞ്ഞു ഇസ്ലാം മതവും ഉപയോഗിച്ചു.
പിന്നീടിതില്‍ പല പരീക്ഷണങ്ങളും നടന്നു. ഗ്രിഗോറിയന്‍ ചാന്‍റ് , കൊയര്‍ ഇതൊക്കെ ഈ രീതിയില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമാണ്. അതിലൊന്നു ബാസ് സ്റ്റ്റിംഗ്സിനു പകരം മനുഷ്യ ശബ്ദം ഉപയോഗിക്കുക എന്നുള്ളതാണ്.
ആക്കെപെല്ലെ രീതിയില്‍ ആണ് റഹ്മാന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. അപൂര്‍വ്വമായി മാത്രം കേള്‍ക്കുന്ന ഗിറ്റാര്‍ പിയാനൊ ശബ്ദങ്ങളല്ലാതെ റഹ്മാന്‍ ഈ ഗാനത്തിലെങ്ങും തന്നെ ഉപകരണങ്ങള്‍ ഉപയോഗിച്ചില്ല. ഏറ്റവും വലിയ പ്രത്യേകത നമ്മള്‍ ഒരിക്കലും ഉപകരണങ്ങളുടെ അഭാവമറിയുന്നില്ല എന്നു തന്നെയാണ്.
ലോക നിലവാരമുള്ള ഒരു ഗാനമായിതന്നെ ഇതിനെ നമുക്ക് കണക്കാക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment